ദ ഗ്രാന്‍ഡ് മാസ്റ്റര്‍- The Grand Master
ദ ഗ്രാന്‍ഡ് മാസ്റ്റര്‍
കുങ്ഫു എന്ന ആയോധനകലയ്ക്ക് പ്രചാരം നേടിക്കൊടുത്ത ഐപ്മാന്‍ എന്ന ഗ്രാന്‍ഡ് മാസ്റ്ററിലൂടെ ചൈനയിലെ ഒരു നിര്‍ണായക കാലഘട്ടത്തെയാണ് വോങ് കര് വായിയുടെ പുതിയ സിനിമ ഓര്‍മയിലേക്ക് കൊണ്ടുവരുന്നത്.
ഷാങ്ഹായിയില്‍ ജനിച്ച വോങ് കര് വായ് അഞ്ചാമത്തെ വയസ്സില്‍ ഹോങ്കോങ്ങില്‍ എത്തിപ്പെട്ടു. ഇപ്പോള്‍ 55 വയസ്സായി. അമ്മ നല്ല സിനിമാ ആസ്വാദക ആയിരുന്നു. മിക്ക ദിവസവും അവര്‍ സിനിമക്ക് പോകുമായിരുന്നു. അപ്പോഴൊക്കെ വോങ്ങിനെയും കൂട്ടും. അമ്മയില്‍ നിന്നാണ് സിനിമ തന്റെ രക്തത്തിലേക്ക് പകര്‍ന്നത് എന്ന് വോങ് പറയാറുണ്ട്. ആകെ 10 ഫീച്ചര്‍ സിനിമകള്‍ ചെയ്തു. ' ഹാപ്പി ടുഗെദര്‍ ' എന്ന ചിത്രത്തിന് 1997 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടി. ഈ നൂറ്റാണ്ടിലെ ലോകത്തെ മികച്ച പത്ത് സംവിധായകരില്‍ ഒരാളായാണ് വോങ്ങിനെ ചില നിരൂപകര്‍ പരിഗണിക്കുന്നത്. 1988 ല്‍ ' ആസ് ടിയേഴ്സ് ഗോ ബൈ ' എന്ന സിനിമയിലാണ് തുടക്കം. ഡെയ്സ് ഓഫ് ബീയിങ് വൈല്‍ഡ് ( 1990 ) , ചുങ്കിങ് എക്സ്പ്രസ് , ആഷസ് ഓഫ് ടൈം ( 94 ), ഫാളന്‍ ഏഞ്ചല്‍സ് ( 95 ) , ഹാപ്പി ടുഗെദര്‍ ( 97 ) , ഇന്ദ മൂഡ് ഫോര്‍ ലവ് ( 2000 ) , 2046 ( 2004 ) , മൈ ബല്ബറി നൈറ്റ്സ് ( 2007 ), ഗ്രാന്‍ഡ് മാസ്റ്റര്‍ (2013 ) എന്നിവയാണ് വോങ് സംവിധാനം ചെയ്ത സിനിമകള്‍. 47 കാരനായ ടോണി ല്യൂങ് എന്ന നടനാണ് അദ്ദേഹത്തിന്റെ സ്ഥിരം നായകന്. കുങ്ഫു ഒട്ടും വശമില്ലാത്തയാളായിരുന്നു ടോണി. ' ദ ഗ്രാന്‍ഡ് മാസ്റ്റര്‍ ' എന്ന പടത്തിനുവേണ്ടി 18 മാസമാണ് ഈ നടന് കുങ്ഫു പരിശീലിച്ചത്.
കുങ്ഫു എന്ന ചൈനീസ് ആയോധനകലയുടെ പ്രാമാണികതയും സംശുദ്ധിയും വിളംബരം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് വോങ്ങിന്റെ പത്താമത്തെ സിനിമയായ ' ദ ഗ്രാന്‍ഡ്മാസ്റ്റര്‍ '. ഒപ്പം, ചൈനക്കാര്‍ മറക്കാന്‍ ശ്രമിക്കുന്ന ഒരു ദുരിതകാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടവും കൂടിയാണ് ഈ സിനിമ. ഇതിനു മുമ്പ് വോങ് ഒരു ആക്ഷന്‍ ചിത്രമേ ചെയ്തിട്ടുള്ളു. 1994 ല്‍ ഇറങ്ങിയ ' ആഷസ് ഓഫ് ടൈം ' ആണീ ചിത്രം.
ചൈനയിലെ ഐപ്മാന്‍ എന്ന വിഖ്യാത കുങ്ഫു വിദഗ്ദന്റെ ജീവിതം ആധാരമാക്കിയാണ് 2013 ല്‍ വോങ് ' ദ ഗ്രാന്‍ഡ്മാസ്റ്റര്‍ ' സംവിധാനം ചെയ്തത്. ജപ്പാന് അധിനിവേശകാലത്തെ രാഷ്ട്രീയ, സാമൂഹിക പ്രശ്നങ്ങള്‍ ഈ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. ' വിങ്ചുന്‍ ' എന്ന സ്റ്റൈലിന്റെ ഉപജ്ഞാതാവാണ് ഐപ്മാന്‍. കുങ്ഫു സിനിമകളിലൂടെ ലോകമെങ്ങും അറിയപ്പെട്ട നടന് ബ്രൂസ്ലിയുടെ പരിശീലകനാണദ്ദേഹം. 1972 ഡിസംബര്‍ രണ്ടിന് 72 ാമത്തെ വയസ്സിലാണ് ഐപ്മാന്‍ മരിച്ചത്. അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി 2008 ലും 2010 ലും ഓരോ ഹോങ്കോങ് സിനിമ ഇറങ്ങിയിട്ടുണ്ട്. 2013 ല്‍ത്തന്നെ മറ്റൊരു ചിത്രവും വന്നു. എന്നാല്‍, വോങ്ങിന്റെ സിനിമയാണ് പ്രേക്ഷകലോകം ചര്‍ച്ച ചെയ്തത്.
1936 മുതല്‍ 56 വരെയുള്ള കാലത്തെ ചൈനയാണ് സിനിമയുടെ ഇതിവൃത്തത്തില്‍ കടന്നുവരുന്നത്. രണ്ടാം ചൈന ജപ്പാന് യുദ്ധം ഈ കാലയളവിലാണ് നടക്കുന്നത് (1937 മുതല്‍ 45 വരെ) . ജപ്പാന്റെ പ്രലോഭനങ്ങളില്‍ വീഴാത്ത ആദര്‍ശശാലിയായ കുങ്ഫു മാസ്റ്ററാണ് ഐപ്മാന്‍. പട്ടിണി കിടന്നാലും ജപ്പാനുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുന്നുണ്ട് ഐപ്മാന്‍. അച്ഛന് ബിസിനസ്സുകാരന്. അദ്ദേഹം ഹോങ്കോങ്ങിലേക്ക് ചരക്കുകള്‍ കയറ്റിയയച്ചിരുന്നു. 40 വയസ്സുവരെ തന്റെ ജീവിതം സുഖകരമായിരുന്നു എന്ന് ഐപ്മാന്‍ പറയുന്നു. ജപ്പാന്റെ അധിനിവേശത്തോടെ എല്ലാം തകിടം മറിഞ്ഞു. വസന്തകാലത്തില്‍ നിന്ന് പൊടുന്നനെ ശൈത്യകാലത്തേക്ക് എടുത്തെറിയപ്പെട്ടപോലെ. ഏഴാം വയസ്സില്‍ കുങ്ഫു പഠനം തുടങ്ങിയ ആളാണ് അദ്ദേഹം. സ്വന്തം നാടായ ഫോഷാന്‍ 1938 ല്‍ ജപ്പാന് കീഴടക്കിയപ്പോള്‍ തെക്കന്‍ ചൈനയിലേക്ക് വരികയാണ് ഐപ്മാന്‍. അവിടത്തെ കുങ്ഫു ഗുരു തനിക്കൊരു പിന്‍ഗാമിയെ തിരയുകയായിരുന്നു അപ്പോള്‍. കുങ്ഫുവില്‍ പ്രാവീണ്യം നേടിയ തന്റെ മകളെ പിന്‍ഗാമിയാക്കാന്‍ അദ്ദേഹം മടിച്ചു. അവളെ കുടുംബബന്ധത്തിലേക്ക് വഴിതിരിച്ചുവിടാനാണ് ആ അച്ഛന് ആഗ്രഹിച്ചത്.
0 comments:
Post a Comment