Breaking News
Loading...
Thursday, March 20, 2014

പോംപെ: പ്രണയം പൊട്ടിത്തെറിക്കുമ്പോള്‍


പോംപെ: പ്രണയം പൊട്ടിത്തെറിക്കുമ്പോള്‍






പോള്‍ ആന്‍ഡേഴ്‌സന്റെ ഹോളീവുഡ് ചിത്രം 'പോംപെ' 'ടൈറ്റാനിക്കി'ന്റെ തനിയാവര്‍ത്തനമാണ് എന്നു പറയാം. 'ടൈറ്റാനിക്കി'ല്‍ ദുരന്തവുമായെത്തുന്നത് മഞ്ഞുമലയാണെങ്കില്‍ 'പോംപെ'യില്‍ ദുരന്തം വര്‍ഷിക്കുന്നത് വെസൂവിയസ് അഗ്‌നിപര്‍വതമാണ്. ജാക്കും റോസും 'ടൈറ്റാനിക്ക്' ദുരന്തത്തിന് കാവ്യഭംഗി നല്‍കുന്നു, 'പോംപെ'യില്‍ അത് മിലോയും കാസ്സിയോയുമാണ്. വെസൂവിയസ്സിന് പക്ഷെ 'ടൈറ്റാനിക്കി'ന്റെ ഉയരമില്ല. മുഷിപ്പില്ലാതെ കണ്ടിരിക്കാന്‍ പാകത്തില്‍ ഒരു പിരീഡ് ഫിലിം. ത്രീ ഡി ഇഫക്റ്റുകള്‍ വിഷ്വലുകള്‍ക്ക് മിഴിവേറ്റുന്നു എന്നു പറയാതെ വയ്യ.

പ്രാചീന റോമന്‍ കടല്‍ത്തീര നഗരമായ പോംപെ വെസൂവിയസ്സിന്റെ കോപജ്ജ്വാലക്കു മുന്നില്‍ വെണ്ണീരാവുന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്ലിനി രണ്ടാമന്‍ കടലില്‍ നിന്നും കണ്ട കാഴ്ചയുടെ നേര്‍ച്ചിത്രം. ഏഡി 79-ലാണ് നഗരത്തെ ജ്വാലാമുഖി വിഴുങ്ങിയത്. പിന്നീടത് വിസ്്മൃതമായി. മൃതനഗരത്തെ വീണ്ടെടുത്തത് പിന്നീട് ആയിരത്തിയഞ്ഞൂറു കൊല്ലങ്ങള്‍ക്കു ശേഷം മാത്രം. ഇന്ന് പോംപെ അവശിഷ്ടങ്ങള്‍ പൈതൃക ഭൂമിയാണ്. 

ആക്ഷന്‍ സിനിമകളുടെ തമ്പുരാനായ പോള്‍ ആന്‍ഡേഴ്‌സനാണ് ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും. എന്നാല്‍ സംവിധായകനേക്കാള്‍ പ്രശംസയര്‍ഹിക്കുന്നത് തകര്‍പ്പന്‍ കാമറ പ്ലേസിങ്ങിലൂടെ സിനിമയെ ദൃശ്യവിസ്മയമാക്കിയ സിനിമറ്റോഗ്രാഫര്‍ ഗ്ലെന്‍ മക്‌പേഴ്‌സനാണ്. 

ബ്രിട്ടീഷ് ദ്വീപുകളില്‍ നിന്നും റോമക്കാര്‍ അടിമയായി പിടിച്ച കെല്‍റ്റ് വംശജനായ ബാലന്‍ വളര്‍ന്നു വന്നത് സിക്‌സ്പാക്ക്ഡ് ഗ്ലാഡിയേറ്ററായാണ്. പതിവുപോലെ മാതാപിതാക്കളേയും കുലത്തേയും മുടിച്ച വില്ലനായ റോമന്‍ സൈന്യാധിപന്‍ കോര്‍വസ്സിനോടുള്ള (കെയ്ഫര്‍ സതര്‍ലാന്റ്) പക നായകനായ മിലോ (കീത്ത് ഹാരിങ്ങടണ്‍) ഇടക്കിടെ ഊതിക്കത്തിക്കുന്നുണ്ട്. വിധിവശാല്‍ മികച്ച യോദ്ധാവായ മിലോയെ അടിമക്കച്ചവടക്കാര്‍ റോമന്‍ പ്രവശ്യയായ പോംപെയിലെത്തിക്കുന്നു. റോമില്‍ നിന്നും പോംപെയിലേക്കു തിരിച്ചുവരുന്ന നഗരപിതാവിന്റെ മകള്‍, യുവസുന്ദരിയായ കാസ്സിയ (എമിലി ബ്രൗണിങ്ങ്) ഇതിനിടെ അടിമയെങ്കിലും ധീരോദാത്തനും കോമളനുമായ മിലോയെ കാണുന്നു. പ്രഥമദര്‍ശനത്തില്‍ത്തനെ ഇരുവരും അനുരാഗത്തിലാഴുന്നുമുണ്ട്. വെസൂവിയസ്സ് അഗ്‌നിപര്‍വതം ഇതിനിടെ ആസന്നമായ സംഹാരത്തിന്റെ സൂചനകള്‍ നല്‍കുന്നു. ചെറുകുലുക്കങ്ങള്‍, ചീറ്റലുകള്‍. കുലുക്കങ്ങള്‍ പതിവായതിനാല്‍ ആരും അതൊന്നും ഗൗനിക്കുന്നുമില്ല എന്നു മാത്രം.

വള്‍ക്കനാലിയ ഉത്സവലഹരിയിലാണ് നഗരം. അഗ്‌നിദേവനുള്ള ആദരം. ഇതിനകം സെനറ്ററായിക്കഴിഞ്ഞ വില്ലനും പോംപെ നഗരത്തിലെത്തിക്കഴിഞ്ഞു. റോമില്‍ വെച്ചു തന്നിലാശ ജനിപ്പിച്ച സുന്ദരിയായ നായികയിലാണ് അയാളുടെ കണ്ണ്. നായകന്‍ ഇതിനിടെ തന്റെ കുലദ്രോഹിയെ കണ്ട് കോപംകൊള്ളുന്നു. മകളെ തനിക്കു വിവാഹം ചെയ്തു തന്നില്ലെങ്കില്‍ പോംപെ നഗരം റോമിന്റെ അനിഷ്ടത്തിനു പാത്രമാവുമെന്നാണ് നഗരപിതാവിന് വില്ലന്‍ കൊടുക്കുന്ന മുന്നറിയിപ്പ്. മിലോയും കാസ്സിയയും തമ്മിലുള്ള അനുരാഗം പ്രതാപിയായ വില്ലനില്‍ രോഷം ജ്വലിപ്പിക്കുന്നു.പോംപെയിലെ ഗ്രാന്റ് അരീനയില്‍ തന്റെ ബഹുമാനാര്‍ഥം ഒരുക്കിയ ഗ്ലാഡിയേറ്റര്‍ പോരാട്ടത്തില്‍ നായകന്‍ കൊല്ലപ്പെടണമെന്ന് അയാള്‍ ശട്ടം കെട്ടുന്നു. തന്നെ ധിക്കരിച്ച നായികയെ വീട്ടു തടങ്കലിലാക്കാനും അയാള്‍ മടിക്കുന്നില്ല. 

വേദിയില്‍ അങ്കം നടക്കുമ്പോള്‍ വെസൂവിയസ്സ് പൊട്ടിത്തെറിക്കുന്നു. ഭൂമി കുലുങ്ങുന്നു, കടല്‍ കയറുന്നു. സര്‍വ്വനാശം. ഇതിനിടയില്‍ നായകന് പ്രണയസാഫല്ല്യവും പ്രതികാരനിര്‍വഹണവും ഒരു പോലെ നടത്താനാവുമോ എന്ന അന്വേഷണമാണ് തുടര്‍ന്നുള്ള ഭാഗങ്ങള്‍.

ജ്വാലാമുഖിയുടെ ഭീഷണമായ നിഴലില്‍ നിലകൊള്ളുന്ന പോംപെ നഗരത്തിന്റെ പുനസൃഷ്ടി ഗംഭീരം. ഗ്ലാഡിയേറ്റര്‍ പോരാട്ടങ്ങളും നഗരജീവിതവും പ്രണയവും കണ്ണിമചിമ്മാതെ കണ്ടിരിക്കാം. പക്ഷെ ചിത്രത്തിന്റെ കാതല്‍ വെസൂവിയസ്സിന്റെ വിസ്‌ഫോടനവും തുടര്‍ന്നുള്ള സംഭ്രമജനകമായ രംഗങ്ങളുമാണ്. തെറിച്ചു വരുന്ന കൂറ്റന്‍ തീക്കഷ്ണങ്ങള്‍, പതിയെ പരന്നു വരുന്ന തീപ്പുക, ലാവാപ്രവാഹം. പിളരുന്ന പ്രതലങ്ങള്‍, മരണഭയത്തില്‍ വിഫലമായ രക്ഷപ്പെടലിനു ശ്രമിക്കുന്ന ജനതതി. എല്ലാം നാടകീയമായി ചിത്രീകരിച്ചിട്ടുണ്ട്. 97-ല്‍ പുറത്തിറങ്ങിയ 'ഡാന്റെസ് പീക്ക്' എന്ന അഗ്‌നിപര്‍വത ചിത്രത്തെ കടത്തിവെട്ടുന്ന രംഗങ്ങള്‍. കോപാകുലയായ പ്രകൃതിക്കു മുന്നില്‍ പ്രണയമൊഴിച്ചുള്ള മനുഷ്യകാമനകള്‍ വ്യര്‍ഥം എന്നതാണു ചിത്രത്തിന്റെ ഗുണപാഠം.

0 comments:

Post a Comment

Copyright © 2012 Malabar Friends All Right Reserved
Designed by CBTblogger