ബുധഗ്രഹം മെലിയുന്നു; ഏഴ് കിലോമീറ്റര്‍ വലിപ്പം കുറഞ്ഞു
ബുധഗ്രഹം മെലിയുന്നു; ഏഴ് കിലോമീറ്റര്‍ വലിപ്പം കുറഞ്ഞു
സൗരയൂഥത്തില്‍ സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ബുധഗ്രഹം ഏഴ് കിലോമീറ്ററോളം ചുരുങ്ങിയതായി കണ്ടെത്തല്‍ ..
450 കോടി വര്‍ഷംമുമ്പ് രൂപപ്പെട്ട ഗ്രഹം, കാലങ്ങള്‍ പിന്നിട്ടപ്പോള്‍ തണുത്ത് ചുരുങ്ങുകയാണ് ചെയ്തതെന്ന് ഗവേഷകര്‍ പറയുന്നു. ആ ചുരുങ്ങലിന്റെ പ്രതിഫലനമാണ് ഗ്രഹപ്രതലത്തിലെ ചുളിവുകള്‍ .
4880 കിലോമീറ്റര്‍ വ്യാസമുള്ള ഗ്രഹമാണ് ബുധന്‍ . ഇത് ഭൂമിയുടെ വലിപ്പത്തിന്റെ മൂന്നിലൊന്ന് വരും. സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രതയേറിയ ഗ്രഹവുമാണിത്. വെള്ളത്തിന്റെ 5.3 മടങ്ങാണ് ബുധഗ്രഹത്തിന്റെ സാന്ദ്രത.
1970 കളുടെ മധ്യേ നാസ അയച്ച 'മറീനര്‍ 10' ( Mariner 10 ) ബഹിരാകാശ പേടകം നടത്തിയ നിരീക്ഷണത്തില്‍ , ബുധന്‍ ചുരുങ്ങുന്നുണ്ടെന്ന് ശാസ്ത്രലോകത്തിന് സൂചന ലഭിച്ചിരുന്നു.
നിലവില്‍ ബുധഗ്രഹത്തെ നിരീക്ഷിക്കുന്ന നാസയുടെ തന്നെ 'മെസഞ്ചര്‍ ( Messenger ) പേടകം' അയച്ച ചിത്രങ്ങളില്‍നിന്നാണ്, ഗ്രഹം എത്ര മെലിഞ്ഞുവെന്ന് നിര്‍ണയിക്കാന്‍ കഴിഞ്ഞത്. മുമ്പ് കരുതിയതിലും കൂടുതല്‍ ബുധഗ്രഹം മെലിഞ്ഞതായി, ഇതെപ്പറ്റി 'നേച്ചര്‍ ജിയോസയന്‍സ്' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.
1974, 1975 വര്‍ഷങ്ങളില്‍ ബുധഗ്രഹത്തിനടുത്തുകൂടി രണ്ടുതവണ കടന്നുപോകുമ്പോള്‍ , ഗ്രഹപ്രതലത്തില്‍ 45 ശതമാനം ഭാഗത്തിന്റെ ചിത്രമെടുക്കാന്‍ മറീനര്‍ പേടകത്തിന് കഴിഞ്ഞിരുന്നു. ഗ്രഹപ്രതലം ഉള്ളിലേക്ക് വലിഞ്ഞതുമൂലമുള്ള ചുളിവുകളും വിള്ളലുകളും ചിത്രങ്ങളില്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞിരുന്നു.
മറീനര്‍ ദൃശ്യങ്ങളുടെ സഹായത്തോടെ, ബുധഗ്രഹം ഇക്കാലത്തിനിടെ ചുരുങ്ങിയത് 1-3 കിലോമീറ്ററാണെന്ന് ഗവേഷകര്‍ കണക്കുകൂട്ടി. 450 കോടിയോളം വര്‍ഷംകൊണ്ട് ബുധഗ്രഹം പോലൊരു വസ്തു തണുക്കുമ്പോള്‍, അതിന്റെ ചുരുങ്ങല്‍ ഇതിലും കൂടുതലാകാമെന്ന് മാതൃകാപഠനങ്ങളില്‍ കണ്ടത് ഗവേഷകരെ കുഴക്കി.
ഈ ആശയക്കുഴപ്പം നീക്കാന്‍ ഇപ്പോള്‍ മെസഞ്ചര്‍ അയച്ച ദൃശ്യങ്ങള്‍ സഹായിച്ചിരിക്കുന്നു. 2011 മുതല്‍ ബുധഗ്രഹത്തെ ചുറ്റി നിരീക്ഷിക്കുന്ന മെസഞ്ചര്‍ ഇതിനകം ഗ്രഹത്തിന്റെ 100 ശതമാനം പ്രതലത്തിന്റെയും ചിത്രം പകര്‍ത്തിക്കഴിഞ്ഞു.
ആ ചിത്രങ്ങളുടെ സഹായത്തോടെ, ഗ്രഹപ്രതലത്തിലെ ചുളിവുകളുടെ തോതും വിസ്തൃതിയും കണക്കാക്കാനും, അതുപ്രകാരം ഗ്രഹം എത്ര മെലിഞ്ഞു എന്ന് കൂടുതല്‍ കൃത്യമായി കണക്കാക്കാനും ഗവേഷകര്‍ക്ക് സാധിച്ചു. അങ്ങനെയാണ്, ഗ്രഹം ഇതിനകം ഏഴ് കിലോമീറ്ററോളം ചുരുങ്ങിയെന്ന നിഗമനത്തില്‍ ഗവേഷകരെത്തിയത്.
വാഷിങ്ടണ്‍ ഡിസിയില്‍ കാര്‍നെജീ ഇന്‍സ്റ്റിട്ട്യൂഷനിലെ ഡോ. പോള്‍ ബൈം ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
ഭൂമിയെ അപേക്ഷിച്ച് വ്യത്യസ്ത ഘടനയുള്ള ഗ്രഹമാണ് ബുധന്‍ . ഭൂമിയുടെ കാര്യത്തില്‍ പുറംപാളിയും അതിനുള്ളിലെ മാന്റിലും കഴിഞ്ഞാല്‍ , ലോഹ അകക്കാമ്പ് താരതമ്യേന ചെറുതാണ്. അതേസമയം, ബുധഗ്രഹത്തിന്റെ കാര്യത്തില്‍ അകക്കാമ്പ് ഗ്രഹത്തിന്റെ മൊത്തം ദ്രവ്യമാനത്തിന്റെ (പിണ്ഡത്തിന്റെ) 60 ശതമാനം വരും.
ഗ്രഹത്തിന്റെ അകക്കാമ്പില്‍ കുറച്ചുഭാഗം ഇപ്പോഴും ദ്രവരൂപത്തിലായിരിക്കണം. അത് അല്‍പ്പാല്‍പ്പമായി തണുത്തുറഞ്ഞ് ഖരാവസ്ഥയിലേത്തുന്നതാണ് മൊത്തം വലിപ്പം കുറയാന്‍ കാരണമാകുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. (കടപ്പാട് : ബിബിസി ന്യൂസ്, ചിത്രം : നാസ )
0 comments:
Post a Comment