തീവ്രവാദം: ഖത്തറിനെതിരെ യുഎഇയും സൗദിയും ബഹ്‌റൈനും
ദുബായ്: ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് യു. എ. ഇ, സൗദിഅറേബ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറില്‍ നിന്ന് അംബാസഡര്‍മാരെ പിന്‍വലിച്ചു.
ഇത്തരം നടപടികളില്‍ നിന്ന് പിന്തിരിയാമെന്ന ധാരണ പാലിക്കാത്തതിനെ തുടര്‍ന്നാണ് പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്ന് രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. മാര്‍ച്ച് അഞ്ചിന് അംബാസഡര്‍മാരുടെ ദോഹയിലെ സേവനം അവസാനിക്കും.
ജി.സി.സിയുടെ മൂന്നുപതിറ്റാണ്ട് നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കം. മേഖലയില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന മുസ്ലിം ബ്രദര്‍ഹുഡ് അടക്കമുള്ള തീവ്രവാദ സംഘടനകളെ ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്നതാണ് പ്രതിഷേധ നടപടിക്ക് ഹേതുവായത്. ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന വ്യക്തിയെയോ സംഘടനയെയോ മാധ്യമങ്ങളെയോ പിന്തുണയ്ക്കില്ലെന്ന ധാരണയില്‍ നവംബര്‍ 23നാണ് ഖത്തര്‍ ഒപ്പുവെച്ചത്.
എന്നാല്‍, ഖത്തര്‍ ഇത്തരം ഇടപെടലുകള്‍ തുടരുന്നുവെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ജി.സി.സി. റിയാദില്‍ യോഗം ചേര്‍ന്നു. ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് വേദിയായ യോഗത്തിന് ശേഷമാണ് യു.എ.ഇയും സൗദിയും ബഹ്‌റൈനും ഖത്തറില്‍ നിന്ന് നയതന്ത്രജ്ഞരെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ഖത്തറിനെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫലവത്തായില്ലെന്നും രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താനായി അംബാസഡര്‍മാരെ പിന്‍വലിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായി എന്നും പ്രസ്താവന വ്യക്തമാക്കുന്നു. 'പൊതുനയത്തിന് വിധേയമായി പ്രവര്‍ത്തിക്കുവാനും മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് നിര്‍ത്താനും ഖത്തറിന് മേല്‍ പ്രേരണ ചെലുത്താന്‍ ആവുംവിധം ശ്രമിച്ചു. ധാരണ നടപ്പിലാക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനി ശ്രമിച്ചെങ്കിലും ഇവ പ്രായോഗികമാക്കുന്നതില്‍ അദ്ദേഹത്തിന്റെ രാജ്യം പരാജയപ്പെട്ടു'പ്രസ്താവന കുറ്റപ്പെടുത്തി.
നവംബറില്‍ റിയാദില്‍ നടന്ന ഒത്തുചേരലില്‍ ഖത്തറിന് സൗദി അന്ത്യശാസനം നല്‍കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ധാരണയില്‍ ഒപ്പുവെയ്ക്കുകയും ആറു മാസത്തെ സാവകാശം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡിനെ പിന്തുണയ്ക്കല്‍, പുതുതായി വന്ന ഈജിപ്ത് ഗവണ്‍മെന്റിനെ തള്ളിപ്പറഞ്ഞത്, യെമനിലെ വിമത വിഭാഗം അല്‍ ഹൗതിയെ പിന്തുണച്ചത്, തുര്‍ക്കിയുമായി അടുത്ത ബന്ധം പുലര്‍ത്തല്‍ തുടങ്ങിയവയെല്ലാം ഇതര അംഗരാജ്യങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഖത്തറും സൗദിയും തമ്മിലുള്ള ഇടയലുകള്‍ക്ക് അയവുവരുത്താന്‍ കുവൈത്ത് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ക്രമേണ യു.എ.ഇയുമായുള്ള ബന്ധത്തിനും ഉലച്ചില്‍ തട്ടി. ഇക്കഴിഞ്ഞ ദിവസം, അബുദാബി രാജ്യസുരക്ഷാ കോടതി മുസ്ലിം ബ്രദര്‍ഹുഡ് ബന്ധത്തിന്റെ പേരില്‍ ഖത്തര്‍ സ്വദേശി മഹ്മൂദ് ആല്‍ ജീദയെ ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചതിനെ ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതി വിമര്‍ശിച്ചിരുന്നു.
കഴിഞ്ഞ ഫിബ്രവരിയില്‍ യൂസുഫുല്‍ ഖറദാവി യു.എ.ഇയ്‌ക്കെതിരെ നടത്തിയ പരമാര്‍ശങ്ങളില്‍ പ്രതിഷേധിച്ച് അബുദാബിയിലെ ഖത്തര്‍ അംബാസഡറെ ഗവണ്‍മെന്റ് വിളിച്ചുവരുത്തിയതും ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടുന്നതിന്റെ സൂചനയായിരുന്നു. ബ്രദര്‍ഹുഡിന് പുറമെ, തീവ്രവാദ സംഘടനകളായ ഹമാസ്, ഹിസ്ബുള്ള തുടങ്ങിയവയുമായും ഇറാന്‍, തുര്‍ക്കി, സിറിയ തുടങ്ങിയ വിമത സ്വഭാവമുള്ള രാജ്യങ്ങളുമായും ബന്ധം പുലര്‍ത്തുന്നുവെന്ന ആരോപണവും ഖത്തറിനെതിരെയുണ്ട്. ഇത് പലപ്പോഴും ജി.സി.സി. യോഗങ്ങളില്‍ രാജ്യത്തെ ഒറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
0 comments:
Post a Comment