Breaking News
Loading...
Tuesday, March 4, 2014

വൈറസിന് ജീവന്‍വെച്ചു; 30,000 വര്‍ഷത്തിന് ശേഷം

വൈറസിന് ജീവന്‍വെച്ചു; 30,000 വര്‍ഷത്തിന് ശേഷം

30,000 വര്‍ഷംമുമ്പുള്ള വൈറസിന് ഫ്രാന്‍സിലെ ലബോറട്ടറിയില്‍ വീണ്ടും ജീവന്‍ വെച്ചപ്പോള്‍ . ചിത്രം കടപ്പാട് : CNRS-AMU
സൈബീരിയയിലെ തണുത്തുറഞ്ഞ മണ്ണിന്നടിയില്‍ 30,000 വര്‍ഷം കിടന്ന ഭീമന്‍ വൈറസിന് ലബോറട്ടറിയില്‍ ജീവന്‍വെച്ചു. 'പിത്തോവൈറസ് സൈബീരിയം' എന്ന് പേരുള്ള വൈറസ് മനുഷ്യനോ മൃഗങ്ങള്‍ക്കോ ഭീഷണിയുണ്ടാക്കുന്ന സൂക്ഷ്മജീവിയല്ല.  ഉത്തരധ്രുവമേഖലയെ ചുറ്റിയുള്ള 'പെര്‍മഫ്രോസ്റ്റ്' ( permafrost ) എന്ന് വിളിക്കുന്ന തണുത്തുറഞ്ഞ മണ്ണിന്നടിയില്‍നിന്നാണ് പുതിയ വൈറസിനെ കണ്ടെത്തയത്. മണ്ണിന്നടിയിലെ പാളിയില്‍നിന്ന് സാധാരണ താപനിലയിലേക്ക് എത്തിയതോടെ അതിന് വീണ്ടും ജീവന്‍വെച്ചതായി ഫ്രഞ്ച് ഗവേഷകര്‍ പറയുന്നു.  'സൈബീരിയം' വൈറസ് അപകടകാരിയല്ലെങ്കിലും, ആഗോളതാപന ഫലമായി പെര്‍മഫ്രോസ്റ്റ് ഉരുകമ്പോഴും, ആ മേഖലയില്‍ എണ്ണഖനനത്തിനായി ആഴത്തില്‍ കുഴിക്കുമ്പോഴും, ഭീഷണിയുയര്‍ത്തുന്ന പ്രാചീന വൈറസുകള്‍ വീണ്ടും സജീവമാകാനുള്ള സാധ്യതയാണ് ഈ പഠനം മുന്നോട്ടുവെയ്ക്കുന്നത്. 'പ്രോസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി'ന്റെ ( PNAS )പുതിയ ലക്കത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
തണുത്തുറഞ്ഞ 'പെര്‍മഫ്രോസ്റ്റ്' മേഖല. ചിത്രം കടപ്പാട് : AP
ഇത്ര സുദീര്‍ഘ കാലം നിശ്ചലമായിരുന്ന ശേഷം ഒരു വൈറസിന് ജീവന്‍വെയ്ക്കുന്നതിന് ആദ്യമായാണ് സാക്ഷ്യംവഹിക്കുന്നതെന്ന്, ഫ്രാന്‍സില്‍ എയ്ക്‌സ്-മാര്‍െസെല്ലി സര്‍വകലാശാലയ്ക്ക് ( AMU) കീഴിലെ 'നാഷണല്‍ സെന്റര്‍ ഓഫ് സന്റിഫിക് റിസര്‍ച്ചി'ലെ ( CNRS ) പ്രൊഫ.ഴാങ്-മൈക്കല്‍ ക്ലെവറീ പറഞ്ഞു.  നിയാണ്ടെര്‍ത്തല്‍ മനുഷ്യര്‍ ഭൂമുഖത്ത് കഴിഞ്ഞിരുന്ന കാലത്തെ വൈറസിനെയാണ്, ഭൂപ്രതലത്തില്‍നിന്ന് 30 മീറ്റര്‍ താഴ്ച്ചയില്‍ കണ്ടെത്തിയത്. പത്തുവര്‍ഷംമുമ്പ് കണ്ടെത്തിയ ഒരു ഭീമന്‍ വൈറസിന്റെ വിഭാഗത്തില്‍പെട്ടതാണ് 'സൈബീരിയം' വൈറസും.  അമീബിയയെ മാത്രമേ ആ വൈറസ് ബാധിക്കൂ, മനുഷ്യരെയോ മറ്റ് മൃഗങ്ങളെയോ ബാധിക്കില്ല. വൈറസുകളെ സാധാരണ മൈക്രോസ്‌കോപ്പുകളുപയോഗിച്ച് കാണുക ബുദ്ധിമുട്ടാണ്; ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് പോലുള്ള ഉപകരണങ്ങളുടെ സഹായത്തോടെയേ അവടെ നിരീക്ഷിക്കാനാവൂ.  എന്നാല്‍ , വലിപ്പക്കൂടുതല്‍കൊണ്ട് സൈബീരിയം വൈറസിനെ സാധാരണ മൈക്രോസ്‌കോപ്പ് കൊണ്ടുതന്നെ നിരീക്ഷിക്കാനാകും. വൈറസിന്റെ നീളം 1.5 മൈക്രോമീറ്ററാണ്. ഇതുവരെ കണ്ടെത്തിയ വൈറസുകളില്‍ ഏറ്റവും വലുതാണതെന്ന് ഗവേഷകര്‍ കരുതുന്നു.

0 comments:

Post a Comment

Copyright © 2012 Malabar Friends All Right Reserved
Designed by CBTblogger