ഷാര്‍ജയില്‍ പുതുതായി 21 വന്‍കിടപദ്ധതികള്‍
ഷാര്‍ജയില്‍ പുതുതായി 21 വന്‍കിടപദ്ധതികള്‍
ഷാര്‍ജ: 2014 ലെ ഇസ്ലാമിക കള്‍ച്ചറല്‍ തലസ്ഥാനമായി ഷാര്‍ജയെ യുനസ്‌കോ തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായി പുതുതായി 21 വന്‍കിട പദ്ധതികളുടെ നിര്‍മാണപ്രവൃത്തികള്‍ ഷാര്‍ജയില്‍ പുരോഗമിക്കുന്നു.
ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ഖാസ്മിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായി രൂപംകൊള്ളുന്ന പദ്ധതികള്‍ എമിറേറ്റിനെ ലോകത്തിന്റെ വിനോദസഞ്ചാരമേഖലകളില്‍ ഒരു പുതിയ കാല്‍വെപ്പായി അടയാളപ്പെടുത്തും. ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (ഷുരൂഖ്) ചെയര്‍പേഴ്‌സണ്‍ ശൈഖ സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസ്മിയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ മുന്നില്‍ ഷാര്‍ജയുടെ ഇസ്ലാമിക സാംസ്‌കാരിക പാരമ്പര്യങ്ങള്‍ വിളിച്ചോതുന്നവയായിരിക്കുമെന്ന് എസ്.ഐ.സി.സി. 2014 എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ഖാസ്മി പറഞ്ഞു.
എസ്.ഐ.സി.സി. 2014 ആഘോഷത്തിന്റെ ഭാഗമായി നിര്‍മാണം പുരോഗമിക്കുന്ന 21 വന്‍കിട പദ്ധതികളുടെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത് 1.5 ബില്യന്‍ ദിര്‍ഹമാണ്. പുതിയ സര്‍വകലാശാലകള്‍, സ്മാരക സൌധങ്ങള്‍, ഇസ്ലാമിക പാര്‍ക്കുകള്‍, പാരമ്പര്യ സൂക്കുകള്‍, മ്യൂസിയങ്ങള്‍, ലൈബ്രറികള്‍, ശാസ്ത്രീയവും പൈതൃകവുമായ മാളികകള്‍ എന്നിവയെല്ലാം പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
ഷാര്‍ജയുടെ ചരിത്ര പ്രാധാന്യം അറിയിക്കുന്ന പദ്ധതികളാണ് ഇവയില്‍ കൂടുതലും. ആദ്യ പദ്ധതിയായ ഷാര്‍ജ അല്‍ മജാസ് ആംപി തീയേറ്റര്‍ മൂന്നുമാസങ്ങള്‍ക്ക് മുമ്പാണ് പണി ആരംഭിച്ചത്. ഏതാനും ദിവസങ്ങള്‍ക്കകം അല്‍ മജാസ് തിയേറ്റര്‍ ഉദ്ഘാടനം ചെയ്യപ്പെടും. പുത്തന്‍ സാങ്കേതിക വിദ്യയോടുകൂടിയുള്ള ഓപ്പണ്‍ ആംപിയര്‍ തീയേറ്റര്‍ ആഘോഷത്തിന്റെ പ്രധാനവേദിയായി നിര്‍മിക്കുന്ന അല്‍മജാസ് ഐലന്‍ഡിന്റെ ഭാഗമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. 7,238 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ നിര്‍മിക്കുന്ന തിയേറ്ററില്‍ ഒരേസമയം 4,500 കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.
സമ്മേളനഹാളുകള്‍, റെസ്റ്റോറന്റ്, ഗ്രീന്‍ റൂമുകള്‍, നിരവധി വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിനോടനുബന്ധിച്ച് ഉണ്ടാകും. ഷാര്‍ജ മീഡിയ സെന്റര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന അല്‍ മജാസ് തീയേറ്ററിന്റെ മൊത്തം ചെലവ് 140 മില്യന്‍ ദിര്‍ഹമാണ്. മാര്‍ച്ച് 26 ന് എഴുപതോളം ലോക പ്രശസ്തരായ കലാകാരന്‍മാര്‍ അണിനിരക്കുന്ന സംഗീതമേള ഈ തീയേറ്ററില്‍ വെച്ച് ആദ്യ പരിപാടിയായി നടക്കും.
ഷുരൂഖ് നേതൃത്വത്തില്‍ പുനര്‍നിര്‍മിച്ച മറ്റൊരുപദ്ധതിയായ അല്‍ മുന്‍താസ പാര്‍ക്ക് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തുകഴിഞ്ഞു. 13,000 ചതുരശ്രമീറ്ററില്‍ പുനര്‍നിര്‍മിച്ച പാര്‍ക്കിന് ഏകദേശം100 മില്യന്‍ ദിര്‍ഹമാണ് ചെലവഴിച്ചത്. 25 മില്യന്‍ ദിര്‍ഹം ചെലവില്‍ മൂന്ന് പാര്‍ക്കുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 12.55 മില്യന്‍ ദിര്‍ഹം ചെലവ് വരുന്ന ഇസ്ലാമിക് പാര്‍ക്കുകള്‍ വേറെയും പൂര്‍ത്തിയായി വരുന്നു. എട്ട് മില്യന്‍ ദിര്‍ഹമാണ് ആഡംബരസ്മാരക സൌധങ്ങള്‍ക്ക് നീക്കിവെച്ചിട്ടുള്ളത്. പാരമ്പര്യ സൂക്കുകള്‍ക്കും മറ്റ് പൈതൃകനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മ്യൂസിയങ്ങള്‍ക്കുമായി 23 മില്യന്‍ ദിര്‍ഹം അനുവദിച്ചുകഴിഞ്ഞു. പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. ഷാര്‍ജയുടെ കിഴക്കന്‍ പ്രവിശ്യകളായ ഖോര്‍ഫക്കാന്‍, അല്‍ ദൈദ്, കല്‍ബ തുടങ്ങിയ പ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തി 'പൈതൃക ഗ്രാമ'ങ്ങളും നിര്‍മിക്കുന്നുണ്ട്.
0 comments:
Post a Comment