Breaking News
Loading...
Friday, July 12, 2013

റംസാന്‍: ശരീരത്തിന് ഉപവാസം, ആത്മാവിന് ഭക്ഷണം

റംസാന്‍: ശരീരത്തിന് ഉപവാസം, ആത്മാവിന് ഭക്ഷണം

ലണ്ടന്‍::: :; പകല്‍ മുഴുവന്‍ പട്ടിണി കിടക്കുന്ന റംസാന്‍ നോമ്പ് അപൂര്‍വമായി എവിടെയെങ്കിലും കാണുമ്പോള്‍ അദ്ഭുതവും അവിശ്വസനീയതയുമായിരുന്നു ബ്രിട്ടീഷുകാര്‍ക്ക് രണ്ടോ മൂന്നോ പതിറ്റാണ്ട് മുന്‍പു വരെ. എന്നാല്‍, മുസ്ലിം ജനസംഖ്യ ഏറെ വര്‍ധിച്ച ഇപ്പോഴത്തെ കാലത്ത് മഹത്തായ ആ വ്രതാനുഷ്ഠാനത്തിന്റെ സത്യം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു അവരും.

ശരീരത്തെ പട്ടിണിക്കിടുമ്പോള്‍ ആത്മാവിന് പോഷണം കിട്ടുന്ന മനോഹരമായ വൈരുദ്ധ്യം ഇന്ന് പാശ്ചാത്യരും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. റംസാന്‍ മാസത്തില്‍ വ്രതമെടുക്കുന്ന വിശ്വാസികള്‍ക്ക് ജോലി സമയത്തില്‍ മാറ്റം കൊടുക്കാനും, പ്രാര്‍ഥനയ്ക്കും നിസ്‌കാരത്തിനും നോമ്പു തുറയ്ക്കും സമയം കൊടുക്കാനുമൊക്കെ തൊഴിലുടമകളും ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു ഇപ്പോള്‍.

അതിരാവിലെ എഴുന്നേറ്റ്, നോമ്പ് തുടങ്ങും മുന്‍പ് കഴിക്കാനുള്ള ആഹാരം പാകം ചെയ്യാമോ എന്നു ശങ്കിച്ചിരുന്നവരുണ്ട്, അയല്‍ക്കാര്‍ക്കു ശല്യമാകുമോ എന്നു ഭയന്ന്. പകല്‍ ഭക്ഷണം കഴിക്കാതിരിക്കുന്നത് പരസ്യമായി പറയാന്‍ മടിച്ചവരുണ്ട്, പരിഹാസം പേടിച്ച്. എന്നാല്‍, ഇന്ന് റംസാന്‍ ബ്രിട്ടനില്‍ ഒരു അദ്ഭുതമല്ല, പരസ്യമായി അത് ആചരിക്കാന്‍ വിശ്വാസികള്‍ക്കു പേടിയുമില്ല.

ട്രാഫാള്‍ഗര്‍ സ്‌ക്വയര്‍ പോലെ പല പൊതു സ്ഥലങ്ങളിലും പരസ്യമായ നോമ്പു തുറകളും ഇഫ്താര്‍ വിരുന്നുകളും സംഘടിപ്പിക്കപ്പെടുന്നുണ്ടിപ്പോള്‍. നിസ്‌കാര സമയം വിശ്വാസികളെ അറിയിക്കാനുള്ള ഉത്തരവാദിത്വം ടിവി ചാനലുകള്‍ ഏറ്റെടുത്തിരിക്കുന്നു.

പകല്‍ മുഴുവന്‍ വിശന്നിരിക്കുന്ന കുട്ടികളെ ഉപദേശിച്ചു 'നേരെയാക്കാന്‍' ശ്രമിക്കുന്ന അധ്യാപകരെ ഇന്നു സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും കാണാനാകില്ല. മറിച്ച്, കണ്ണുംമൂക്കുമില്ലാതെ വലിച്ചു വാരി തിന്ന് പൊണ്ണത്തടിയും അനുബന്ധ അസുഖങ്ങളും വരുത്തിവയ്ക്കുന്നവര്‍ കണ്ടു പഠിക്കേണ്ട മാതൃകയായി അവര്‍ റംസാന്‍ നോമ്പിനെ ചൂണ്ടിക്കാണിച്ചു തുടങ്ങിയിരിക്കുന്നു.

0 comments:

Post a Comment

Copyright © 2012 Malabar Friends All Right Reserved
Designed by CBTblogger