Breaking News
Loading...
Saturday, May 11, 2013

ആവാം, ഗള്‍ഫിനെ കുറിച്ചും ഒരു പുനര്‍വിചിന്തനം
’600 റിയാല്‍ മാസശമ്പളവും താമസസൗകര്യവും, 200 റിയാല്‍ ഭക്ഷണത്തിനു വേണ്ടിയുള്ള അലവന്‍സും’.
അതില്‍ എത്ര ചിലവാകും?
‘പരമാവധി പിശുക്കി ജീവിച്ചാല്‍ പോലും 300 റിയാലെങ്കിലും ഇവിടെ ചിലവാകും. പിന്നെ ബാക്കിയാകുന്നത് വെറും 500 റിയാലില്‍ താഴെ(അതായത് ഏകദേശം 7000 രൂപ മാത്രം)’
എങ്കില്‍ പിന്നെ മതിയാക്കി നാട്ടില്‍ പോയ്കൂടെ?
‘വിസക്കും ടിക്കറ്റിനും ഒക്കെ ആയി കുറെ പണം ചിലവാക്കിയിരുന്നു. അത് കൊണ്ട് കുറച്ചു കടങ്ങളുണ്ട്. പെട്ടെന്ന് പോകാന്‍ പറ്റില്ല’
സ്ഥിരമായി പോകുന്ന കാര്‍ സര്‍വീസ് സെന്ററിലെ ഒരു ഇന്ത്യന്‍ ജോലിക്കാരനുമായി നടന്ന സംഭാഷണശകലമാണ് മുകളില്‍ ഉദ്ധരിച്ചത്.
 ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. സൗദിയില്‍ നല്ലൊരു ശതമാനം ഇന്ത്യക്കാരുടെയും സ്ഥിതി ഏറെക്കുറെ ഇങ്ങനെ ഒക്കെ തന്നെയാണ്, നാട്ടിലുള്ളവരെ ഇത് അറിയിക്കാതിരിക്കാന്‍ അവര്‍ പരമാവധി ശ്രദ്ധിക്കാറുണ്ടെങ്കിലും. ഇതര ഗള്‍ഫ് നാടുകളിലെയും അവിദഗ്ദ്ധ തൊഴിലാളികളുടെ സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ഒരു CDS പഠന റിപ്പോര്‍ട്ട് അനുസരിച്ച് ദുബായില്‍ ജോലി ചെയ്യുന്ന ഒരു ശരാശരി ഇന്ത്യന്‍ തൊഴിലാളിയുടെ മാസ വേതനം 12,000 ഇന്ത്യന്‍ രൂപയില്‍ താഴെയാണ്! തൊഴില്‍ തട്ടിപ്പുകള്‍കും മറ്റും ഇരയാവുന്നവരുടെ സ്ഥിതി പറയാതിരിക്കുകയായിരിക്കും ഭേദം. സമാന സ്വഭാവത്തിലുള്ള ജോലി കേരളത്തില്‍ ചെയ്യുന്ന തൊഴിലാളിക്ക് ഇതിലും കൂടുതല്‍ വേതനം ലഭിക്കുന്നുണ്ട്. അതും വളരെയേറെ മെച്ചപ്പെട്ട ജീവിത സാഹചര്യവും തൊഴില്‍ നിലവാരവും ഉണ്ടായിക്കൊണ്ട് തന്നെ.
ഇപ്പോള്‍ നിതാഖതിന്റെയും സ്വദേശിവല്കരണത്തിന്റെയും പേരില്‍ തിരിച്ചുവരല്‍ ഭീഷണി നേരിടുന്നവരില്‍ നല്ലൊരു പങ്കും ഈ പറഞ്ഞ ഗണത്തില്‍ പെടുന്നവരാണ് എന്നത് പലരും അവഗണിക്കുന്ന സത്യം. ഗള്‍ഫിലേക്കുള്ള കുടിയേറ്റം തുടങ്ങിയ കാലത്തുള്ള സാഹചര്യമല്ല അവിടെയും കേരളത്തിലും ഇന്നുള്ളത്. ആഗോളവല്‍കരണത്തെ തുടര്‍ന്നുണ്ടായ സവിശേഷ സാഹചര്യത്തില്‍ നാട്ടില്‍ തൊഴിലവസരങ്ങളും കൂലിയും വലിയ തോതില്‍ വര്‍ദ്ധിച്ചു. അതെ സമയം ഗള്‍ഫിലെ ശമ്പളനിരക്കില്‍ പലപ്പോഴും കാലികമായ വര്‍ധന ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല പല ജോലികളും കുറയുകയാണ് ചെയ്തത്. ഇത് പക്ഷെ ഗള്‍ഫുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെല്ലാം നമ്മള്‍ വിസ്മരിക്കുന്ന ഒരു ഘടകമാണ്. നമ്മുടെ മാധ്യമങ്ങളും മന്ത്രിമാരും ഇത് സൗകര്യപൂര്‍വ്വം അവഗണിക്കുന്നു. ഗള്‍ഫില്‍ നിന്നും പല മലയാളികളും സമ്പാദിക്കുന്നതിലും കൂടുതല്‍ പലപ്പോഴും അന്യ സംസ്ഥാനത്തില്‍ നിന്നും വന്നു കേരളത്തില ജോലി ചെയ്യുന്ന തൊഴിലാളികള്‍ സമ്പാദിക്കുന്നു എന്നതാണ് സത്യം.
സൗദിയടക്കമുള്ള അറബ് രാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യം കൂടി കാണേണ്ടതുണ്ട്. സമീപകാലത്ത് വരെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഭരണകൂടങ്ങളുടെ മുന്‍ഗണന ആയിരുന്നില്ലെങ്കില്‍ ‘മുല്ലപ്പൂവിപ്ലവം’ എന്ന് വിവക്ഷിക്കപ്പെടുന്ന സമീപകാലത്തെ ജനാധിപത്യ ഉയിര്‍പ്പിനുശേഷം ഇത് സാധ്യമല്ലാതെ വന്നിരിക്കുന്നു. രാജഭരണത്തില്‍ യാതൊരു എതിര്‍പ്പിന്റെ സ്വരവും കേള്‍ക്കാതിരുന്ന പഴയ കാലഘട്ടമല്ല ഇത്. തൊഴില്‍രഹിതനായ യുവാവ് സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം നെഞ്ചിടിപ്പിന്റെതാണ്.
ടുണീഷ്യയും ഈജിപ്തും യമനും കടന്ന് ബഹറൈന്‍ വരെ എത്തി നില്‍ക്കുന്ന ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ് തങ്ങളുടെ അധികാരത്തിന്റെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യുന്നതാണ് എന്ന തിരിച്ചറിവ് ഇവര്‍ക്ക് നന്നായി ഉണ്ട്. പതിറ്റാണ്ടുകളായി അങ്ങേയറ്റത്തെ അവഗണനയുടെയും വിവേചന നയങ്ങളുടെയും ബലിയാടുകളായി കഴിഞ്ഞിരുന്ന ജനസംഖ്യയില്‍ 25% വരുന്ന ഷിയാ ന്യൂനപക്ഷത്തെ ഏറെ ഭയപ്പാടോടെ ആണ് കാണുന്നത്. എന്ത് വില കൊടുത്തും യുവാക്കള്‍ തെരുവിലിറങ്ങുന്ന സാഹചര്യം ഒഴിവാക്കുക എന്നത് നിലനില്‍പ്പിന്റെ പ്രശ്‌നം ആയി മാറുന്നത് ഇങ്ങനെ ആണ്. ഈ ഒരു രാഷ്ട്രീയ പശ്ചാത്തലമാണ് നിതാഖത് പോലുള്ള സ്വദേശിവല്കരണത്തിന്റെ യഥാര്‍ത്ഥ സാഹചര്യം. മാത്രവുമല്ല ചെറുകിടകളെ അപേക്ഷിച്ചു വന്‍കിട കമ്പനികളും സ്ഥാപനങ്ങളും വര്‍ദ്ധിക്കുന്നതാണ് തങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനു എല്ലാ നിലക്കും കൂടുതല്‍ അനുയോജ്യം എന്ന തിരിച്ചറിവ് കൂടി ഇവര്‍ക്ക് ഉണ്ട്. അതുകൊണ്ട്തന്നെ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ കൊണ്ട് എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് കരുതുന്നത് മൗഡ്യമാണ്. ഭരണകൂടവുമായി എന്നും ഊഷ്മള ബന്ധം കാത്തു സൂക്ഷിക്കുന്ന വന്‍കിട ബിസിനസ് ലോബിയുടെ താല്‍പര്യത്തിന് എതിരായിട്ട് പോലും സ്വദേശിവത്കരണവുമായി മുന്നോട്ട് പോകുന്നത് ജനരോഷം ഒരിക്കല്‍ പൊട്ടിയോഴുകിയാല്‍ പിടിച്ചുനിര്‍ത്താനാകില്ല എന്ന ഉത്തമ ബോധ്യം കൊണ്ടാണ്. ഇവര്‍ ശക്തമായി ആവശ്യപ്പെട്ടിട്ട് കൂടി നടപടി ചട്ടങ്ങള്‍ പാലിക്കാന്‍ വേണ്ടി വെറും മൂന്നു മാസത്തെ സാവകാശം നല്‍കുക മാത്രമാണ് ചെയ്തത് (അതില്‍ പിടിച്ചു തൂങ്ങി എട്ടുകാലി മമ്മൂഞ്ഞ് ചമയാനുള്ള നമ്മുടെ രാഷ്ട്രീയക്കാരുടെ മത്സരം പതിവ് നര്‍മങ്ങളുടെ കൂട്ടത്തില്‍ തള്ളാനെ നിര്‍വാഹമുള്ളൂ!).
നാട്ടിലെ സാമൂഹിക മണ്ഡലത്തില്‍ ഗള്‍ഫ് കുടിയേറ്റം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നമ്മള്‍ മനസ്സിലാക്കുന്നതിനെക്കാളും രൂക്ഷമാണ്. നിത്യകന്യകമാരായി കഴിയേണ്ടി വരുന്ന സ്ത്രീകളും ‘നാഥനില്ലാത്ത’ കുടുംബങ്ങളും തൊഴിലെടുക്കാന്‍ ആളെ കിട്ടാനില്ലാത്ത അവസ്ഥയും അതിന്റെ അനുരണനമാണ് എന്നത് അവഗണിക്കാന്‍ വയ്യ. തൊഴിലാളികളുടെ കുറവ് നികത്താന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഒരു പാട് പേര്‍ കേരളത്തിലേക്ക് കുടിയേറുന്നു. പലപ്പോഴും മലയാളി തൊഴിലാളികളെ ഒരു പാട് ത്യാഗം സഹിച്ച് ഗള്‍ഫില്‍ നിന്നും സമ്പാദിക്കുന്നതിലും കൂടുതലായി ഈ തൊഴിലാളികള കേരളത്തില നിന്നും ഉണ്ടാക്കുന്നു എന്നതാണ് വാസ്തവം. അതും ഏറെ മെച്ചപ്പെട്ട ഒരു ജീവിത സാഹചര്യത്തില്‍.
ഗള്‍ഫിനെ കുറിച്ചുള്ള ശരിയായ വിലയിരുത്തലുകളൊ നിരീക്ഷണങ്ങളോ ഇനിയും നമ്മുടെ മാധ്യമങ്ങളോ അധികാരികളോ നടത്തുന്നില്ല എന്നതാണ് പ്രശ്‌നം ഇത്ര രൂക്ഷമാക്കാന്‍ കാരണം. ഇപ്പോള്‍ സൗദിയില്‍ ഉള്ള പ്രശ്‌നങ്ങളെ സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ അറിയാം എത്ര വൈകാരികമായും ഉപരിപ്ലവമായും ആണ് അവര്‍ കാര്യങ്ങളെ അവതരിപ്പിക്കുന്നത് എന്ന് (ഒരു കാലത്ത് നാട്ടിലെ പട്ടിണി മാറ്റുന്നതില്‍ ഗള്‍ഫ് ജോലി സഹായിച്ചതിനാല്‍ ഇത് മനസ്സിലാക്കാം). ഗള്‍ഫില്‍ പോകുന്ന ഏതൊരാളുടെയും ഉദ്ദേശം അവിടെ ഉള്ളവരെ സേവിക്കുക എന്നതല്ല, മറിച്ച് തനിക്കും തന്നെ ആശ്രയിച്ച് കഴിയുന്നവര്‍ക്കും ജീവിതോപാധി കണ്ടെത്തുക എന്നതാണ്. അപ്പോള്‍ പിന്നെ സ്വാഭാവികമായും ഉയരേണ്ട ചോദ്യം നാട്ടില്‍ ലഭിക്കാത്ത രീതിയിലുള്ള ഒരു സാമ്പത്തിക സ്രോതസ് കണ്ടെത്താന്‍ ഗള്‍ഫ് പ്രവാസം ഉതകുന്നുണ്ടോ എന്നതാണ്.
നമ്മുടെ മാധ്യമങ്ങളും നേതാക്കളും ചെയ്യേണ്ടത് ഗള്‍ഫിനെ കുറിച്ചുള്ള ഈ രീതിയിലുള്ള ഒരു സമഗ്രമായ പുനര്‍വിചിന്തനം നടത്തുകയാണ്. ഗള്‍ഫിലെ മലയാളികള്‍ക്ക് ലഭിക്കുന്ന ശമ്പളം എത്ര? അവരുടെ ജീവിത സാഹചര്യവുമായി നോക്കുമ്പോള്‍ അതിന്റെ ശരിയായ മൂല്യം എന്ത്? നാട്ടില്‍ അവരുടെ അഭാവം കുടുംബങ്ങളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണ്? ഗള്‍ഫില്‍ നിന്നും ഒരു വര്‍ഷം 50,000 കോടി വരുന്നു എന്ന് പറയുന്ന നമ്മള്‍ പക്ഷേ അന്യ സംസ്ഥാനത്തില്‍ നിന്നും വരുന്ന തൊഴിലാളികള വഴി വര്‍ഷവും 18,000 കോടി രൂപയോളം കേരളത്തില്‍ നിന്നും പുറത്തേക്ക് പോകുന്നു എന്നത് വിസ്മരിക്കുന്നു ഇപ്പോള്‍ സൗദി പ്രശ്‌നത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ‘ഫ്രീ വിസ’ തന്നെ തീര്‍ത്തും നിയമവിരുദ്ധമായ പക്ഷെ കാലാകാലങ്ങളായി തുടര്‍ന്ന് പോരുന്ന ഒരു സമ്പ്രദായമായിരുന്നു. അത് കൊണ്ട് തന്നെ ഇന്നല്ലെങ്കില്‍ നാളെ അതിന് ഒരു വിരാമാമുണ്ടാവുന്നത് തീര്‍ത്തും സ്വാഭാവികം. ഇങ്ങനെയുള്ള പ്രശ്‌നങ്ങളുടെ ഒന്നും ഗൗരവം ഉള്‍കൊള്ളാതെ ഇതിനെ പ്രോത്സാഹിപ്പിച്ചതും ആ വ്യവസ്ഥിതിയില്‍ വിശ്വാസം അര്‍പ്പിച്ചതും ആണ് അടിസ്ഥാന പ്രശ്‌നം. അത് കൊണ്ട് ഇനിയെങ്കിലും ഈ വക പ്രശ്‌നങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കണ്ടു നീങ്ങേണ്ടിയിരിക്കുന്നു. ഇതിനെക്കുറിച്ചെല്ലാം വിശദമായ ഒരു പഠനം നടത്തി ഒരു സമഗ്ര ഗള്‍ഫ് നയം രൂപീകരിക്കലാണ് ഏറ്റവും അടിയന്തിരമായ കാര്യം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി സൗദിയിലേക്ക് സംഘത്തെ അയക്കാന്‍ നില്‍ക്കുന്ന സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ അര്‍ഹിക്കുന്ന വിഷയങ്ങളാണ് ഇതില്‍ പലതും. അതോടൊപ്പം തന്നെ ഇതില്‍ പെട്ട് പോയവര്‍ക്ക് മാനുഷിക പരിഗണന വച്ച് സാധ്യമായ എല്ലാ സഹായവും ചെയ്യാനും ജോലി നഷ്ടപ്പെടുന്നവരെ പുനരധിവസിക്കാനും അധികൃതര്‍ മുന്‍കയ്യെടുക്കണം.
കേരളത്തിലെ സാമൂഹിക സാമ്പത്തിക മേഖലകളില്‍ പ്രതിസന്ധി സൃഷ്ടിക്കാത്ത രീതിയിലുള്ള ഉയര്‍ന്ന ജീവിത സാഹചര്യവും ശമ്പളവും ലഭിക്കുന്ന നിയമ പരിരക്ഷ ഉള്ള മികച്ച ജോലികളില്‍ മാത്രമായി ഗള്‍ഫ് കുടിയേറ്റത്തെ നാം പരിമിതപ്പെടുത്തണം. മറിച്ചുള്ള പ്രവാസത്തെ തീര്‍ച്ചയായും നിരുത്സാഹപ്പെടുത്തുകയും വേണം. അത് വഴി നാട്ടിലെ രൂക്ഷമായ തൊഴിലാളി ദൗര്‍ലഭ്യതയും മറ്റു പ്രശ്‌നങ്ങളും ഒരു പരിധി വരെയെങ്കിലും പരിഹരിക്കാന്‍ സാധിക്കും. എല്ലാറ്റിനും ഉപരിയായി നാട്ടിലെ പരിസ്ഥിതിക്കും സാഹചര്യത്തിനും യോജിച്ച രീതിയില്‍ ഉള്ള സുസ്ഥിര വികസന പദ്ധതികള്‍ കൊണ്ട് വന്നു കൂടുതല്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങളും ജീവിത സാഹചര്യങ്ങളും ഉണ്ടാക്കണം. ഇതിനെല്ലാം വേണ്ടത് സമഗ്ര വീക്ഷണവും ഇച്ഛാശക്തിയുമുള്ള ഒരു ഭരണകൂടവും കാര്യങ്ങളെ ആഴത്തില്‍ മനസ്സിലാക്കാനും വിലയിരുത്താനും കഴിവുള്ള മാധ്യമങ്ങളും ആണ്. നിര്‍ഭാഗ്യവശാല്‍ ഇത് രണ്ടും ഇല്ല എന്നുള്ളത് നമ്മുടെ ദുര്യോഗവും.

Original Post By:നാസിറുദ്ധീന്‍ ചേന്നമങ്ങല്ലൂര്‍

0 comments:

Post a Comment

Copyright © 2012 Malabar Friends All Right Reserved
Designed by CBTblogger