Breaking News
Loading...
Saturday, May 25, 2013

ലാലിന്റെ നായികമാരായി ഇനിയ, ലെന, ലക്ഷ്മി



ലാലിന്റെ നായികമാരായി ഇനിയ, ലെന, ലക്ഷ്മി

ഡയമണ്ട് നെക്‌ലേസില്‍ മൂന്ന് നായികമാരായിരുന്നു ഫഹദ് ഫാസിലിന്. ഇപ്പോഴിതാ പുറമേ പരുക്കന്‍ ഭാവത്തിനുടമയായ ലാല്‍ മൂന്ന് നായികമാര്‍ക്കൊപ്പം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാനൊരുങ്ങുന്നു. 'അയാള്‍' എന്ന പുതിയ ചിത്രത്തിലാണ് ലാലിന്റെ ഈ പ്രണയനായക കഥാപാത്രം.

നേരത്തേ 'നാഗബന്ധം' എന്ന പേരില്‍ ചിത്രീകരണം ആരംഭിച്ച ചിത്രമാണ് ഇപ്പോള്‍ 'അയാള്‍' എന്ന പേരില്‍ തീയേറ്ററുകളിലെത്താനൊരുങ്ങുന്നത്. നീണ്ട 15 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കെ.അമ്പാടിയുടേതാണ് കഥയും തിരക്കഥയും. ഇനിയ, ലെന, ലക്ഷ്മി ശര്‍മ്മ എന്നിവരാണ് ഈ ചിത്രത്തില്‍ ലാലിന്റെ നായികമാര്‍.നിരവധി സ്ത്രീകളെ ആകര്‍ഷിക്കുന്ന തന്നോട് അടുപ്പം കാണിക്കുന്ന സ്ത്രീകളെയെല്ലാം ആത്മാര്‍ത്ഥമായി പ്രണയിക്കുന്ന കഥാപാത്രമായാണ് ലാല്‍ പ്രത്യക്ഷപ്പെടുക. ഒരേസമയം ഒന്നില്‍ക്കൂടുതല്‍ പേരെ പ്രണയിക്കുന്നത് ശരിയോ തെറ്റോ എന്ന ചോദ്യമാണ് ഈ ചിത്രം ഉയര്‍ത്തുന്നതെന്ന് തിരക്കഥാകൃത്ത് കെ. അമ്പാടി അഭിപ്രായപ്പെട്ടു.

1950 കളിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. ഗുരുദാസന്‍ എന്ന പുള്ളുവനായാണ് ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ടു ഭാര്യമാരുള്ള അയാള്‍ക്ക് മറ്റൊരു നമ്പൂതിരി സ്ത്രീയുമായും ബന്ധമുണ്ട്. മദ്യത്തിന്റേയും മദിരാക്ഷിയുടേയും മറ്റ് ലഹരി വസ്തുക്കളുടേയും കാര്യത്തില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാത്തയാളാണ് ഗുരുദാസന്‍. നാഗാരാധനയിലൂടെ ദൈവീക സിദ്ധി കൈവരിച്ചിട്ടുള്ള ഗുരുദാസന്റെ ജീവിതം ഈ മൂന്ന് പ്രണയബന്ധങ്ങളുടെ പേരില്‍ ചില സങ്കീര്‍ണ്ണതകളിലാകുന്നു. തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് 'അയാള്‍' ദൃശ്യവത്ക്കരിക്കുന്നത്. എം.ടി. ദിലീപ് കുമാര്‍, മധുസൂദനന്‍ മാവേലിക്കര എന്നിവര്‍ ചേര്‍ന്നാണ് 'അയാള്‍' നിര്‍മ്മിക്കുന്നത്. മോഹന്‍ സിത്താര, സോമശേഖരന്‍ ഉണ്ണിത്താന്‍, എം.ജി. അനില്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സുജിത് വാസുദേവാണ് ക്യാമറാമാന്‍. മെയ് 30 ന് 'അയാള്‍' തീയേറ്ററുകളിലെത്തും.

0 comments:

Post a Comment

Copyright © 2012 Malabar Friends All Right Reserved
Designed by CBTblogger