ശോഭന എന്ന പെണ്‍കുട്ടിയെ പ്രശസ്ത നടിയാക്കിയതിന്റെ ക്രെഡിറ്റ് ഒരാള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഒരു സിനിമയിലെ വിവിധ മേഖലകള്‍ ഓരേ പോലെ കൈകാര്യം ചെയ്ത് വിജയിപ്പിക്കുന്ന ബാലചന്ദ്രമേനോനു മാത്രം. അദ്ദേഹം അതിനുവേണ്ടി സഹിച്ച ത്യാഗം കുറച്ചൊന്നുമല്ല. ഏപ്രില്‍ 18 എന് സിനിമയില്‍ അവസരം നല്‍കിയതിന്റെ പേരില്‍ അത്രയ്ക്കാണ് ശോഭന അദ്ദേഹത്തെ ദ്രോഹിച്ചത്. ഒരു കൊച്ചു പെണ്‍കുട്ടിയെ നടിയാക്കാന്‍ ശ്രമിച്ചതിന്റെ ബുദ്ധിമുട്ടുകളാണ് അദ്ദേഹം അനുഭവിച്ചതെല്ലാം. ശോഭന തന്നെ അടുത്തിടെ നല്‍കിയ ഒരഭിമുഖത്തിലാണ് താന്‍ ബാലചന്ദ്രമോനോന്‍ എന്ന സംവിധായകനെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇതിനോട് ബാലചന്ദ്രമേനോന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഞാനായതുകൊണ്ടുമാത്രമാണ് ശോഭനയെക്കൊണ്ട് അഭിനയിപ്പിച്ച് 'ഏപ്രില്‍ 18' പൂര്‍ത്തിയാക്കിയത്. മറ്റൊരാളായിരുന്നെങ്കില്‍... എന്തായാലും എന്നെ ഇത്രമാത്രം ദ്രോഹിച്ച ഒരു നായികയെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. എന്നാല്‍ ശോഭനയ്ക്കു പ്രായമായപ്പോഴെങ്കിലും എന്നെ ദ്രോഹിച്ച കാര്യം ഓര്‍മിച്ചല്ലോ എന്നാണ്.
അന്ന് പുതുമുഖമായെത്തി സംവിധായകനെ വെള്ളംകുടിപ്പിച്ച ശോഭന ഇപ്പോള്‍ സംവിധായകയുടെ കുപ്പായമണിയാന്‍ ഒരുങ്ങുന്നു. അഭിനേത്രി, നര്‍ത്തകി, കൊറിയോഗ്രാഫര്‍, എഴുത്തുകാരി എന്നീ നിലകളില്‍ പ്രതിഭ തെളിയിച്ച ശോഭന സംവിധായിക ആകുന്ന കാലം അതിവിദൂരമല്ലെന്ന് അവര്‍തന്നെ പറയുന്നു. മലയാളത്തിലായിരിക്കും ആദ്യ സിനിമ സംവിധാനം ചെയ്യുക. അത് സ്ത്രീ കേന്ദ്രീകൃത സിനിമയാകാന്‍ സാധ്യതയില്ലെന്നും അവര്‍ പറഞ്ഞു. യു.എ.ഇയിലെ വിവിധ വേദികളില്‍ നൃത്തസംഗീത ശില്‍പമായ 'കൃഷ്ണ' അവതരിപ്പിക്കാനെത്തിയപ്പോഴായിരുന്നു ശോഭന തന്റെ പുതിയ മേഖലയെക്കുറിച്ച് വെളിപ്പെടുത്തിയത്.
തന്റെ സുഹൃത്തുക്കളായ രേവതിയും നന്ദിത ദാസുമൊക്കെ സംവിധാനം ചെയ്തത് സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകളായിരുന്നു. തനിക്കും അങ്ങിനെയൊരു പ്രമേയം ചെയ്യണമെന്നുണ്ടെങ്കിലും അതിന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകള്‍ക്ക് ആര് പണം മുടക്കും എന്നതാണ് പ്രധാന ചോദ്യം. അത്തരമൊരു സിനിമ മനസ്സിലുണ്ടെങ്കില്‍ തന്നെ ജനങ്ങളിലെത്തുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ അതുമായി മുന്നോട്ടുപോകാനാകൂ. ആസിഡ് ആക്രമണത്തിന്റെ ഇരകളെ കുറിച്ചും മനുഷ്യക്കടത്തുമൊക്കെ പ്രമേയമാക്കി സിനിമകള്‍ ചെയ്യാവുന്നതാണ്. എന്നാല്‍, അത് നിര്‍മിക്കാന്‍ ആര് മുന്നോട്ടുവരുമെന്ന ചോദ്യം അവശേഷിക്കുന്നു. ഇപ്പോള്‍ അവതരിപ്പിക്കുന്ന 'കൃഷ്ണ'യുടെ തിരക്കുകള്‍ക്ക് ശേഷം സിനിമയുടെ കടലാസുപണികള്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.
0 comments:
Post a Comment