Breaking News
Loading...
Saturday, May 18, 2013

മൊബൈലിനെ പേടിക്കേണ്ടതുണ്ടോ..?



മൊബൈലിനെ പേടിക്കേണ്ടതുണ്ടോ..?

മൊബൈല്‍ ഫോണിനെ കുറിച്ചുള്ള വിവാദങ്ങള്‍ അത് ഉണ്ടായ കാലം തൊട്ടുള്ളതാണ്. മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ആരോഗ്യം തകര്‍ക്കും ഇതെന്നാണ് പ്രധാന ആരോപണം. ക്യാന്‍സര്‍ എന്ന മാരകവിപത്തിനു പ്രധാന കാരണം തന്നെ മൊബൈല്‍ ഫോണ്‍ റേഡിയേഷനാണെന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോള്‍, അതില്‍ യാതൊരു കഴമ്പുമില്ലെന്നു മറ്റൊരു കൂട്ടര്‍. സെല്‍ഫോണുകളെ ഹെല്‍ത്ത് ടൈം ബോംബുകള്‍ എന്നു വിളിക്കുകയാണ് ബ്രിട്ടനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഇവര്‍ പറയുന്നതനുസരിച്ച് ഇരുനൂറിലേറെ പഠനങ്ങള്‍ തെളിയിക്കുന്നത് മൊബൈല്‍ ഫോണുകള്‍ ബ്രെയ്ന്‍ ട്യൂമര്‍ പോലെയുള്ള രോഗങ്ങള്‍ക്കു കാരണമാകുന്നുവെന്നാണ്. മാത്രമല്ല വളരെക്കാലം തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ഗിലോമ എന്ന അപൂര്‍വ ബ്രെയ്ന്‍ ട്യൂമര്‍ വരെ സംഭവിക്കാം എന്നും അവര്‍ പറയുന്നു.

2008ല്‍ സ്വീഡനില്‍ നടത്തിയ പഠന റിപ്പോര്‍ട്ടനുസരിച്ച് മൊബൈല്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ രോഗസാധ്യത അഞ്ചു മടങ്ങ് കൂടുതലാണ്. ഗര്‍ഭകാലത്ത് മൊബൈല്‍ ഉപയോഗിക്കുന്ന അമ്മയുടേയും കുഞ്ഞിന്റേയും സ്വഭാവത്തിലെ വ്യതിയാനങ്ങള്‍, തലച്ചോറിലെ കോശങ്ങള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്നിവയും ഇതിനോടു ചേര്‍ത്തു വായിക്കാം. ഒരു പഠനത്തിനു നേതൃത്വം നല്‍കിയ ന്യൂറോ സര്‍ജന്‍ ഡോ. കെവിന്‍ ഒനീലിന്റെ അഭിപ്രായത്തില്‍, ബ്രെയ്ന്‍ ട്യൂമറുകള്‍ തിരിച്ചറിയാന്‍ മുപ്പതു വര്‍ഷമെങ്കിലുമെടുക്കാം. അതുകൊണ്ടു തന്നെ മൊബൈല്‍ ഉപയോഗം കൊണ്ടു സംഭവിച്ച ക്യാന്‍സര്‍ തിരിച്ചറിയാനാവുന്നില്ല. അതു സ്ഥി രീകരിക്കാന്‍ കാത്തിരിക്കുന്നതു തന്നെ അപകടമാണ്. 

മൊബൈല്‍ ഫോണുകള്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും അതുകൊണ്ടു ഹാന്‍ഡ്‌സ് ഫ്രീ കിറ്റുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ലോലമായ തലയോട്ടിയെ ഭേദിക്കാന്‍ മൊബൈല്‍ റേഡിയേഷനു കഴിയുമെന്ന കാര്യം മറന്നു പോകരുത്. 

എന്നാല്‍ ഇത്തരം പഠനങ്ങള്‍ ശാസ്ത്രത്തോടുള്ള വിശ്വാസമില്ലായ്മയും ആളുകളില്‍ ഉത്കണ്ഠയും വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ എന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ റിസ്‌ക് മാനെജ്‌മെന്റ് പ്രൊഫസര്‍ ഡേവിഡ് സീപെഗല്‍ഹാള്‍ട്ടര്‍ പറയുന്നത്. കൃത്യമായ തെളിവുകള്‍ ഗവേഷകര്‍ക്കു നല്‍കാനാവുന്നില്ല. നിബന്ധനകള്‍ അനുസരിച്ച് റേഡിയേഷന്‍ ടെസ്റ്റുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് ഫോണ്‍ പുറത്തിറക്കുന്നതെന്നാണ് മൊബൈല്‍ ഫോണ്‍ കമ്പനികള്‍ പറയുന്നത്. കുറച്ചൊക്കെ ശ്രദ്ധിക്കുന്നതുകൊണ്ട് മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്കും നഷ്ടമൊന്നുമുണ്ടാവില്ല. ഏതാണ് ശരിയെന്നു ആര്‍ക്കറിയാം എന്ന അവസ്ഥയിലാണ് ജനങ്ങള്‍.

0 comments:

Post a Comment

Copyright © 2012 Malabar Friends All Right Reserved
Designed by CBTblogger